“ലുട്ടാപ്പി പിണങ്ങി പോവാ??”
പുറകിൽ നിന്നും യാമിനി വിളിച്ച് ചോദിച്ചെങ്കിലും ഞാൻ തിരിഞ്ഞ് നോക്കിയില്ല…….
“അപ്പൊ അത്രയേ ഉള്ളു ലേ…….. ജീവിതകാലം മൊത്തം ഒരുമിച്ച് സന്തോഷമായി ജീവിക്കണം എന്നൊക്കെ പറഞ്ഞിട്ട് ഇരുവത്തിനാല് മണിക്കൂർ പോലും ആയില്ല………. ഇത്രേ ഉള്ളോ എന്നോടുള്ള സ്നേഹം??”
അവൾ അത് പറഞ്ഞപ്പോൾ ഞാൻ നിശ്ചലനായി പോയി, ഒരു നിമിഷത്തെ ബുദ്ധി മോശത്തിന് ഞാൻ ചെയ്യാൻ പോയ മണ്ടത്തരം അപ്പോഴാണ് മനസ്സിലാക്കിയത്…….. എന്ത് പ്രശ്നം വന്നാലും സംസാരിച്ചു പരിഹരിക്കാൻ ശ്രമിക്കാതെ ഇറങ്ങി പോവാൻ നിന്ന എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നി…
തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന മീനൂട്ടിയെ ആണ്, ചിരിക്കുമ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ട്..
ഞാൻ പടികൾ ഓടി കയറി
“വിട്……. ന്നേ തൊടണ്ട…..”
ഓടി ചെന്ന് കെട്ടിപ്പിടിക്കാൻ നോക്കിയെങ്കിലും അവൾ എന്നെ തള്ളി മാറ്റി, ഇപ്പോ അവൾ കാണിക്കുന്നത് വെറും കള്ള പരിഭവം ആണെന്ന് എനിക്ക് വ്യക്തമായി അറിയാം.
“സോറി മീനൂസേ………. നീ പെട്ടെന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല, അതാ ഞാൻ…………..”
മുഴുമിപ്പിക്കാതെ അവളെ നോക്കി തല താഴ്ത്തി നിന്നു, കുറ്റം സമ്മതിച്ച പോലെ…..
“അപ്പൊ രാവിലെ ഒന്നും മിണ്ടാതെ ഇറങ്ങി പോയപ്പോ ഞാൻ എത്ര വിഷമിച്ചൂന്ന് അറിയോ……. അതാ ഞാൻ ഇത്തിരി തീ തിന്നട്ടെ എന്ന് കരുതി തന്നെ പറഞ്ഞതാണ്, പക്ഷെ അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞ് എന്നെ കൺവിൻസ് ചെയ്യാൻ ശ്രമിക്കും എന്ന് കരുതി, ഇല്ലെങ്കിൽ ഒരെണ്ണം പൊട്ടിച്ചിട്ട് നല്ല രണ്ട് തെറി പറയുമെന്ന് വിചാരിച്ചു……..പക്ഷെ അപ്പോഴേക്കും അതാ പിന്നേം ഇറങ്ങി പോവുണു…….. ഇനി ഒന്ന് പറഞ്ഞ് രണ്ടിന് ഇങ്ങനെ ഇറങ്ങി പോവോ……. പോവോ ന്ന്??”
എന്റെ ചെവി പിടിച്ച് തിരിച്ചുകൊണ്ട് അവൾ അത് പറഞ്ഞപ്പോൾ ഇനി ആവർത്തിക്കില്ല എന്ന രീതിയിൽ ചിരിച്ചുകൊണ്ട് തല ആട്ടാനേ എനിക്ക് പറ്റിയുള്ളൂ…
“അപ്പൊ അവള് പ്രെഗ്നന്റ് ആണെന്ന് പറഞ്ഞതും വെറുതെ………….”
“ഏയ് അല്ല, ശ്രീക്കുട്ടി ശരിക്കും പ്രെഗ്നന്റ് ആണ്……”
ഞാൻ ചോദ്യം മുഴുമിപ്പിക്കുന്നതിന് മുന്നെ അവൾ മറുപടി തന്നു….
“എന്ന് വെച്ച് അവളെ ഇവിടെ കയറ്റി താമസിപ്പിക്കാൻ ഒന്നും പറ്റില്ല, ഈ ഡി.ൻ.എ ടെസ്റ്റ് ഒക്കെ ഉണ്ടല്ലോ…….. നമുക്ക് വരുന്നിടത്തു വെച്ച് കാണാം, വെറുതെ അവളെ ഭീഷണി കേട്ട് പേടിച്ചു ഇരിക്കേണ്ട കാര്യം ഇല്ലല്ലോ……”