നീതുവിലേക്ക് ഒരു കടൽ ദൂരം 2 [Sathi]

Posted by

“എന്തൊരു ഉറക്കം ആടാ ഇത് .. കല്യാണം ഇങ്ങ് തലയ്ക്കു മുകളിൽ എത്തി നാല് ദിവസം കൂടിയേ ബാക്കി ഉള്ളൂ .. ഇങ്ങനെ കിടന്ന് ഉറങ്ങാതെ .. ദേ നിന്നെ അന്വേഷിച്ച് ഒരു പയ്യൻ പുറത്തു വന്നിരിക്കുന്നു ”

എഴുന്നേറ്റ് മുഖം കഴുകി പുറത്തേക്ക് ചെല്ലുമ്പോൾ ..

കല്യാണത്തിനോടനുബന്ധിച്ച് ഇൻറർലോക്ക് പാകിയ മുറ്റത്തിൻ്റെ അപ്പുറത്തെ വശത്ത് നിൽക്കുന്ന മാവിൻ ചുവട്ടിൽ ഒരു പയ്യൻ എന്നെയും കാത്തു നിൽക്കുന്നു .. മെലിഞ്ഞ ശരീര പ്രകൃതിയാണ് , കുഴിഞ്ഞ കണ്ണുകൾ , ഒട്ടിയ കവിളും. വല്ലാത്ത ഒരു ദയനീയത ആ മുഖത്ത് കാണാം. ഒരു അപരിചിതന് നൽകാവുന്നതിൽ വെച്ച് ഏറ്റവും നല്ലൊരു പുഞ്ചിരി ഞാൻ നൽകി. പക്ഷേ അപ്പോഴും ദയനീയ ഭാവത്തിൽ എന്നെ നോക്കി നിൽക്കുകയാണ് അയാൾ.

മുറ്റത്ത് .. പന്തൽ പണിയുടെ ജോലികൾ തകൃതിയായി നടക്കുന്നു.

” ഈ മാവിന് എന്ത് പഴക്കം വരും ..?”

മാവിൻ ചുവട്ടിൽ നിൽക്കുന്ന അവൻ്റെ അടുത്തേക്ക് എത്തിയ എന്നോടായി ആദ്യ ചോദ്യം.

“പത്തിരുപത് കൊല്ലം പഴക്കം കാണും എന്താ ..?”
അതിശയത്തോടെ തന്നെ ഞാൻ ചോദിച്ചു.

“എൻ്റെ പേര് സമീർ .. ഞാൻ പറയുന്ന കാര്യം നിങ്ങൾ അംഗീകരിച്ചില്ല എങ്കിൽ ഈ മാവിൻ കൊമ്പിൽ ഞാൻ തൂങ്ങി മരിക്കും ”

“എന്തോന്ന് … ?”
കാര്യം മനസ്സിലാകാതെ അല്പം ഉച്ചത്തിലുള്ള എൻ്റെ ചോദ്യം കേട്ട് എന്തോ പന്തി കേട് തോന്നിയ പന്തല് പണിക്കാർ പണി നിർത്തി ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങി.

“നിങ്ങൾ ഈ വിവാഹത്തിൽ നിന്നും പിന്മാറണം .. നീ വിവാഹം കഴിക്കാൻ പോകുന്ന ലക്ഷ്മിയും ഞാനുമായി കഴിഞ്ഞ ആറു കൊല്ലമായി പ്രണയത്തിലാണ് ”

അവൻ്റെ വാക്കുകൾ കേട്ട എനിക്ക് ഭൂമി കുലുങ്ങുന്നത് പോലെ തോന്നി.

സംഗതി പന്തിയല്ല എന്ന് മനസ്സിലാക്കിയ പന്തല് പണിക്കാരും മറ്റുള്ളവരും ഞങ്ങൾക്ക് സമീപത്തായി കൂടി ..

“നിന്നെപ്പോലെ യോഗ്യനായ സ്വ ജാതിയിൽ പെട്ട ഒരുത്തനെ കിട്ടിയപ്പോൾ അവളെന്നെ ചതിച്ചതാണ് .. അവളും ഞാനും തമ്മിലുള്ള ബന്ധത്തിൻ്റെ തെളിവുകളാണ് എൻ്റെ ഈ മൊബൈലിൽ നിറയെ ..”

ഒരു മൊബൈൽ ഉയർത്തിക്കാട്ടി സാമാന്യം ഉച്ചത്തിൽ തന്നെ അവൻ വിളിച്ചു കൂവി.

“തല്ലി കൊല്ലെടാ ..ഈ നായിൻ്റെ മോനെ .. വീട്ടിൽ വന്ന് കേറി തോന്ന്യാസം പറയുന്നോ …”

Leave a Reply

Your email address will not be published. Required fields are marked *