വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Posted by

ഞാൻ സന്ധ്യയ്ക്ക് മുൻപ് എത്തിയില്ലേ അമ്മക്കുട്ടി…അവൻ സ്നേഹത്തോടെ അമ്മയുടെ താടയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു…

ഒന്ന് മാറിക്കെ ചെക്കാ നിന്റെ പഞ്ചാരയൊന്നും എന്നോട് വേണ്ട…ഒരു ഉത്തരവാദിത്തവുമില്ലാതെ തോന്നും പോലെ നടന്നിട്ട് അവൻ പുന്നാരിക്കാൻ വന്നിരിക്കുന്നു..നിന്റെ പ്രായത്തിലുള്ള ചെക്കന്മാരൊക്കെ ജോലിയുമായി കുടുംബവും കുട്ടികള്മായി സന്തോഷത്തോടെ കഴിയുന്നു…നിയിങ്ങനെ അച്ഛനെയും’അമ്മയെയും വിഷമിപ്പിച്ചു യാതൊരു പണിയും ചെയ്യാതെ തോന്നിയ പോലെ നടക്കുന്നു…ഇത്രയും പ്രായമായില്ലേ ഇനി എന്നാടാ മോനെ നീയൊരു ആണ്കുട്ടിയെപ്പോലെ ജീവിച്ചു തുടങ്ങുന്നത്..പഠിക്കാനോ താൽപര്യമില്ലായിരുന്നു…പറഞ്ഞിട്ട് കാര്യമില്ല അത് പോട്ടെ വച്ചു അച്ഛന്റെ ജോലിയിൽ സഹായിക്കാൻ പറഞ്ഞു അളിയന്മാർ എന്തെങ്കിലും ബിസിനസ് നോക്കാമെന്ന് പറഞ്ഞു…അതൊന്നും പറ്റില്ല…അപ്പനപ്പൂപ്പന്മാർ ഉണ്ടാക്കിയത് പോരാതെ അച്ഛനായിട്ടു കുറെ സ്ഥലം വാരിക്കൂട്ടിയിട്ടിട്ടുണ്ട് ഇപ്പോഴും വാങ്ങിക്കൂട്ടുന്നുമുണ്ട്…അതെല്ലാം ആർക്ക് വേണ്ടിയ..നിനക്ക് അതെങ്കിലും ഒന്ന് നോക്കിക്കൂടെ അതിന് പടിത്തമൊന്നും വേണ്ടല്ലോ…

അമ്മയെക്കോണ്ട് എല്ലായിടത്തും ഓടിയെത്താൻ വയ്യാതായിതുടങ്ങി മോനെ…ഇനിയെങ്കിലും അമ്മ പറയുന്നതെന്റെ മോനൊന്നു അനുസരിക്…അമ്മയെ ഇങ്ങനെ തീ തീറ്റിക്കാതെ…അമ്മ മനുവിനെ ചുറ്റിപ്പിടിച്ചു നിന്ന് കരയാൻ തുടങ്ങി…

മനുവിനത് കണ്ട് വല്ലാത്ത വിഷ്‌മമായിരുന്നു…അച്ചനോട് വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അമ്മയെ അവന് ജീവനായിരുന്നു…ഇത് വരെ മകന്റെ തോന്നിയ പോലുള്ള നടപ്പ് കാണുമ്പോൾ ഇടയ്ക്കൊക്കെ ദേഷ്യത്തോടെ വല്ലതും പറയുമെന്നല്ലാതെ ഇത് പോലെ സങ്കടത്തോടെ കരഞ്ഞിട്ടില്ലായിരുന്നു…തന്നെ ചുറ്റിപ്പിടിച്ചു നിന്ന് നിർത്താതെ ഏങ്ങലടിച്ചു കരയുന്ന അമ്മയെ കാണുന്തോറും അവനുള്ളിലെ സങ്കടം നുരഞ്ഞു പൊന്തി പുറത്തെയ്ക്കൊഴുകാൻ തുടങ്ങിയിരുന്നു…

അമ്മേ…കരയാതമ്മേ..എനിയ്ക്കും കരച്ചിൽ വരുന്നുണ്ടട്ടോ…അമ്മയെ ചേർത്ത് പിടിച്ച് സെറ്റിയിലേയ്ക്ക് ഇരുത്തുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

അമ്മയ്ക്ക് മതിയായെടാ ഈ ജീവിതം ശരിക്കും മടുത്തു…എന്നെ കെട്ടി ഇവിടെ കൊണ്ട് വന്ന കാലം മുതൽ കാണുന്നതാണ് അച്ഛൻ ഏത് സമയവും ജോലിയെന്നും പറഞ്ഞു കറക്കം തന്നെ…ആവശ്യത്തിലധികം പണം തരും അല്ലാതെ അങ്ങേരെ നേരെ ചൊവ്വേയൊന്ന് കാണണോ ആഗ്രഹിക്കുമ്പോളൊക്കെ അടുത്തിരുന്നൊന്നു സംസാരിക്കാൻ പോലുമോ ഉള്ള യോഗം അമ്മയ്ക്കുണ്ടായിട്ടില്ല..ആദ്യ കാലത്തൊക്കെ ഇതും പറഞ്ഞു എന്നും വഴക്കായിരുന്നു…എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല.പോകപ്പോകെ ഞാനും സാഹചര്യവുമായി ഇണങ്ങിച്ചെർന്നു..അല്ലാതെ മറ്റ്‌ വഴിയൊന്നുമുണ്ടായിരുന്നില്ല…അന്ന് നിന്റെ അച്ഛച്ഛനും അച്ഛമ്മയും കൂട്ടിനുണ്ടായിരുന്നു..ഞാനിവിടെ വന്ന് കയറിയത് മുതൽ വീട്ടിലെ വിരുന്ന്കാരൻ ആയിരുന്നു അച്ഛൻ എന്നും..തോന്നുമ്പോൾ വല്ല കാലത്തും വന്ന് കയറും ..ഒരു ദിവസത്തിൽ കൂടുതൽ വീട്ടിൽ നിൽക്കില്ല… മാളു ജനിച്ചപ്പോൾ മുതൽ എന്റെ ഏകാന്തതയ്ക്കൊരു ശമനമുണ്ടായി..വലിയ താമസമില്ലാതെ നീയും മാനസിയും കൂടെ വന്നതോടെ പിന്നെ നിങ്ങളുടെ കാര്യത്തിൽ ആയിരുന്നു അമ്മയുടെ ശ്രദ്ധ മുഴുവൻ..അധികം താമസിയാതെ അച്ഛച്ഛനും അമ്മയും നമ്മളെ വിട്ട് പോയപ്പോഴും മക്കൾ വളർന്നാൽ എനിയ്ക്കൊരു കൂട്ടാകുമല്ലോ എന്റെ സങ്കടങ്ങക്കളെല്ലാം മാറുമല്ലോയെന്നു കരുതി …

Leave a Reply

Your email address will not be published. Required fields are marked *