പിന്നെ അയാളുടെ നിര്‍ബ്ബന്ധം കാരണം അവള്‍ ഇരിക്കാനായി അടുത്തേക്ക് വന്നു. അയാള്‍, നടുവിലേക്ക് നീങ്ങിയിട്ട്, സൈഡ് സീറ്റ് അവള്‍ക്ക് ഒഴിഞ്ഞു കൊടുത്തു. അവള്‍, വളരെ ഭവ്യതയോടെയും, ഭയത്തോടെയും വന്നു സീറ്റില്‍ ഒതുങ്ങി ഇരുന്നു. അവള്‍, അയാളുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ ഇരിക്കാന്‍ ശ്രദ്ധിച്ചു. അവള്‍, അപ്പോഴും പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.
പത്ത് പതിനഞ്ചു മിനിട്ടോളം ഏതാണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമ പോലെ രണ്ടുപേരും സംസാരിച്ചില്ല. അത് കഴിഞ്ഞപ്പോള്‍, അയാള്‍ തന്നെ സംസാരത്തിനു തുടക്കമിട്ടു. അപ്പോഴാണ് ഇതുവരെ അവളുടെ പേര് ചോദിച്ചില്ലല്ലോ എന്ന കാര്യം ഓര്‍മ്മ വന്നത്.
“നിന്‍റെ പേര് എന്താ?”
“ആതിര.”
“നീ ഏതു വരെ പഠിച്ചു?”
“പ്ലസ് ടൂ പാസ്സായി.”
“പിന്നെന്താ പഠിക്കാതിരുന്നത്?”
“അത് പിന്നെ വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ടാണ്. എനിക്ക് പഠിക്കണമെന്നൊക്കെ ഉണ്ടായിരുന്നു.”
“നിന്‍റെ ഇളയവരൊക്കെ ഏതു ക്ലാസ്സിലാണ്?”
“ഒരാള്‍ പ്ലസ് ടൂവും, പിന്നത്തെ ആള്‍ പത്തിലും പഠിക്കുന്നു.”
“നീ എത്ര നാള്‍ നേഴ്സിംഗ് പഠിക്കാന്‍ പോയി?”
“ഏതാണ്ട് ഒരു വര്‍ഷത്തോളം പോയി. പിന്നെ ഫീസടയ്ക്കാന്‍ പൈസാ ഇല്ലാത്തതുകൊണ്ട് മതിയാക്കി.”
“നിന്‍റെ മുഖത്ത് എന്താ ഒരു വിഷമം?”
“ഞാന്‍ വീട്ടില്‍ നിന്നും അവരെയൊക്കെ പിരിഞ്ഞു നില്‍ക്കുന്നത് ആദ്യമായിട്ടാണ്. അതിന്‍റെ ഒരു വിഷമം ഉണ്ട്.”
“അങ്ങനെ ഇനി വിഷമിക്കണ്ട. ഇത് സ്വന്തം വീട് പോലെ കരുതി അവിടെ കഴിയാം.”
“നിന്‍റെ അച്ഛന്‍ എന്ത് പറ്റിയതാ?”
“അച്ഛന്‍, മരിച്ചിട്ട് നാല് വര്‍ഷമായി. ക്യാന്‍സര്‍ ആയിരുന്നു.”
അയാള്‍ക്ക് പിന്നെ സംസാരിക്കാന്‍ ഒരു വിഷയവും ഉണ്ടായിരുന്നില്ല. അയാള്‍ കുറച്ചു സമയം വെറുതേ ഓരോന്ന് ആലോചിച്ചു കണ്ണുമടച്ചു അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, അവള്‍ എന്തോ ചോദിക്കുന്നത് കേട്ടാണ് അയാള്‍ തന്‍റെ ഓര്‍മ്മകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്….
“ങേ……? എന്താ പറഞ്ഞത്?”
“സാറ് ഉറങ്ങുവാരുന്നോ?”
“ഇല്ല…….. ഞാന്‍ ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു. നീ എന്താ ചോദിച്ചത്?”
“അല്ല, സാറിന്‍റെ വീട്ടില്‍ ആരൊക്കെ ഉണ്ട്?”
“എന്‍റെ ഭാര്യയെ കൂടാതെ ഞാന്‍ മാത്രമേ ഇപ്പോള്‍ അവിടെ ഉള്ളൂ. പിന്നെ ഒരു മോന്‍ ഉള്ളത് ബാംഗ്ലൂരിലാണ് ജോലി.”