ഗോൾ 8 [കബനീനാഥ്]

Posted by

അവളെ ഇറക്കി വിട്ട ശേഷം, അയാൾ തിരികെ പോയി……

നഗരം തിരക്കിലമർന്നു തുടങ്ങിയിരുന്നു.

അവൾ കോംപൗണ്ടിലേക്ക് കയറിയതും ശിവരാമൻ ചേട്ടനെ കണ്ടു…

പതിവു പോലെ കുറി തൊട്ടിട്ടുണ്ട്…

പത്ര വായനയിലാണ്.

“ ങ്ഹാ………. മോളോ… ?

അവളെ കണ്ടതും അയാൾ എഴുന്നേറ്റു…

“” കണ്ടിട്ടൊരുപാടായല്ലോ…… “”

“ അതുകൊണ്ടല്ലേ വന്നത്..””

അവൾ ചിരിച്ചു …

അവൾ പഴയ ഷോപ്പിനു നേരെ നോക്കി.

ഷട്ടർ താഴ്ന്നു കിടക്കുന്നു……

“” അവിടെ ആരും വന്നിട്ടില്ല..””

അവൾ നോക്കുന്നതു കണ്ട് അയാൾ പറഞ്ഞു…

“ പഴയ ആളുകളൊന്നുമില്ലേ… ? “

അവൾ അയാൾക്ക് സംശയത്തിനിടവരാതെ ചോദിച്ചു …

“” കടക്കാരുണ്ട്… അവരാരും മാറിയിട്ടില്ല… “

ശിവരാമൻ ചിരിച്ചു…

“”മോൻ സ്കൂളിനടുത്ത് ഒരു ഷോപ്പ് തുടങ്ങി..അറിഞ്ഞായിരുന്നോ… ?””

സുഹാന ചോദിച്ചു..

“ ആരു പറയാനാ മോളെ… സത്യം പറഞ്ഞാൽ നിങ്ങൾ കടയൊഴിഞ്ഞപ്പോൾ സങ്കടം തോന്നി. വല്ലപ്പോഴും മിണ്ടിയും പറഞ്ഞുമിരിക്കാൻ മോളുണ്ടായിരുന്നല്ലോ… “

അയാൾ തന്റെ സങ്കടം പങ്കു വെച്ചു…

അതിലേക്കൊന്നും സുഹാനയുടെ ശ്രദ്ധ പോയിരുന്നില്ല …

തന്റെ ലക്ഷ്യം മറ്റൊന്നാണ് ….!

അതറിയാനാണ് താൻ വന്നിരിക്കുന്നത്…

“” മിണ്ടാനും പറയാനും കൂട്ടുകാരില്ലേ… ? അന്ന് പോയ സെക്യൂരിറ്റി തിരിച്ചു വന്നോ ?”

സുഹാന ഒറ്റ ശ്വാസത്തിൽ വേഗത്തിൽ ചോദിച്ചു……

“ അത് വല്ലാത്തൊരു സംഭവം തന്നെ… “

ശിവരാമൻ കയ്യിലിരുന്ന ദിനപത്രം മടക്കി..

സുഹാന അക്ഷമയായി അയാളുടെ മുഖത്തേക്ക് നോക്കി…

“ അയാൾ തിരിച്ചു വരില്ലെന്നാ കരുതിയേ… പക്ഷേ വന്നു… “

റോഡിൽ ഒരു പ്രൈവറ്റ് ബസ്സിന്റെ ബ്രേക്ക് അലറിക്കരഞ്ഞത് സുഹാനയുടെ നെഞ്ചിലായിരുന്നു……

കബനി തിരിച്ചു വന്നു…

തനിക്ക് വില പറയാൻ…

“” ആളുടെ വേണ്ടപ്പെട്ട ഒരു ബന്ധു മരിച്ചിരുന്നു…… അതാ പോയത്…… സഞ്ചയനമൊക്കെ കഴിഞ്ഞാ  വന്നത്…… ഓഫീസിൽ റിപ്പോർട്ട് ചെയ്തിരുന്നു… “

ഒരു വാഹനത്തിന്റെ ഹോൺ മുഴങ്ങിയതും അവൾ ചിന്തയിൽ നിന്നുണർന്നു…

“” ആദ്യത്തെ സംഭവമാ… പോയ ഒരാൾ തിരികെ വരുന്നത്…… “

ശിവരാമൻ തുടർന്നു..

“” ആള് വലിയ കമ്പനിയാ…… ഇവിടെ വരുന്നോരും പോകുന്നോരും കടക്കാരുമെല്ലാമായിട്ട് കൂട്ടാ……….’”

Leave a Reply

Your email address will not be published. Required fields are marked *