“എന്നാ പറ്റി മോനെ?”
ലിസി പരിഭ്രമത്തോടെ ചോദിച്ചു.
അപ്പോഴേക്കും ഇന്ദ്രാണിയും ഗഫൂർ അഹമ്മദും നാദിയയും അങ്ങോട്ടെത്തിച്ചേർന്നു.
ഹേമന്ത് ചുരുക്കം വാക്കുകളിൽ ലിസിയെ കാര്യങ്ങൾ ധരിപ്പിച്ചു.
“എന്റെ ഈശോയെ!”
എല്ലാം കേട്ട് ലിസി തലയിൽ കൈവെച്ചു.
“മോള് ഉറങ്ങുവാണോ ഇപ്പോൾ?”
നാദിയ ചോദിച്ചു.
“അതേ..”
ലിസി പറഞ്ഞു.
“ഞങ്ങൾ ഒത്തിരി ലേറ്റ് ആയാണ് കിടന്നത് ..ഒരു പാട് വർത്തനങ്ങൾ ഒക്കെ പറഞ്ഞ് …ഇപ്പോൾ നല്ല ഉറക്കമാണ്…”
“നന്നായി!”
ഇന്ദ്രാണി സിറിഞ്ചിലേക്ക് മരുന്ന് ഇൻജെക്റ്റ് ചെയ്തു.
“വരൂ …മുറി കാണിച്ചു താ…”
ലിസി മുമ്പിൽ നടന്നു.
പിന്നാലെ മറ്റുള്ളവരും.
ലത്തീഫ ജിസ്മിയോടൊപ്പമാണ് കിടന്നിരുന്നത്.
ലത്തീഫയെ കണ്ട നിമിഷം നാദിയയിൽ നിന്ന് ഒരു തേങ്ങലുയർന്നു.
“കരയല്ലേ!”
പ്രൊഫസ്സർ ഗഫൂർ അഹമ്മദ് ഭാര്യയെ ചേർത്ത് പിടിച്ചു.
“കരഞ്ഞാൽ മോളുണരും..അപ്പോൾ …പ്രോബ്ലം…”
സന്ദീപ് ലത്തീഫയെ നോക്കി.
മനോഹരമായ ഒരു സ്വപ്നത്തിൽ ലയിച്ചെന്നപോലെ മലർന്ന് കിടന്നുറങ്ങുകയാണ് അവൾ. ജിസ്മിയുടെ കൈ അവളുടെ വയറിനെ ചുറ്റിപ്പിടിച്ചിരിക്കുന്നു.
ഇന്ദ്രാണി സിറിഞ്ചുമായി കുനിഞ്ഞു.
“രവീ….”
പെട്ടെന്ന് ഉറക്കത്തിൽ ലത്തീഫ പറയുന്നത് എല്ലാവരും കേട്ടു.
നിയന്ത്രിക്കാനാവാതെ സന്ദീപ് വായ് പൊത്തി.
അപ്പോഴേക്കും ഇന്ദ്രാണി അവളുടെ കൈത്തണ്ടയിൽ ഇഞ്ചക്ഷൻ എടുത്തിരുന്നു.
ഒരു നിമിഷം ലത്തീഫ കണ്ണുകൾ തുറന്ന് എല്ലാവരെയും നോക്കി.
“പപ്പാ …ആഹ് ..രവി ..രവി എവിടെ പപ്പാ?”
പിന്നെ അവളുടെ കണ്ണുകൾ ഇന്ദ്രാണിയിൽ പതിഞ്ഞു.
“ദീദീ …”
കണ്ണുകളിൽ ഈറൻ നിറച്ച് ലത്തീഫ ഇന്ദ്രാണിയെ നോക്കി പറഞ്ഞു.
“എനിക്ക് രവീടെ അടുത്ത് പോണം ….എനിക്ക് …”
കരച്ചിലടക്കാൻ പാടുപെട്ട് സന്ദീപ് അവളുടെ കയ്യിൽ പിടിച്ചു.
ലത്തീഫ അവന്റെ കണ്ണുകളിലേക്ക് നോക്കി.
പെട്ടെന്ന് അവൾ മയങ്ങി. മരുന്നിന്റെ നിയന്ത്രണത്തിലേക്ക് അവളുടെ മനസും ബോധവും മറഞ്ഞു.
അപ്പോഴേക്കും ആംബുലന്സിന്റെ അടുത്ത് നിന്നും അറ്റൻഡർമാരെത്തി ലത്തീഫയെ സ്ട്രെക്ച്ചറിലേക്കെടുത്ത് മുറിക്ക് പുറത്ത് കടന്നു.