വശീകരണ മന്ത്രം 8 [ചാണക്യൻ]

Posted by

ദേവൻ അവളെ കൈകാട്ടി വിളിച്ചു. കല്യാണി അല്പം പരിഭ്രമത്തോടെ ദേവനെ നോക്കി. പോകണോ വേണ്ടയോ എന്നോർത്ത് അവളുടെ മനസ് കൊടൂരമായ ആലോചനയിൽ ഏർപ്പെട്ടു.

“ഇങ്ങോട്ട് വരാൻ ”

ദേവൻ ശബ്ദത്തിനു അല്പം കാഠിന്യം കൊടുത്തുകൊണ്ട് അവളെ വിളിച്ചു.

കല്യാണി ദേവന്റെ മുഖത്തെ ഗൗരവം കണ്ടു സംഭ്രമത്തോടെ അവന്റെ അടുത്തേക്ക് അടിവച്ചടി വച്ചു നടന്നടുത്തു.

ദേവന്റെ മുൻപിൽ ധൈര്യത്തിനായി പാവാടയിൽ മുറുകെ പിടിച്ചു കൊണ്ട് പിടയുന്ന മനസുമായി കല്യാണി നിന്നു. ദേവൻ എന്താണ് ചെയ്യാൻ പോകുന്നതെന്നോർത്തു അവൾ ഭയത്തോടെ നിന്നു.

കൈ കാലുകളിലെ  വിറയൽ കാരണം തളർന്നു പോകുമോ എന്ന് വരെ അവൾ സംശയിച്ചു.എങ്കിലും അവൾ ദേവനു മുൻപിൽ ബദ്ധപ്പെട്ടു പിടിച്ചു നിന്നു.

കല്യാണിയുടെ പകപ്പ്‌ കണ്ടു ദേവൻ ചിരിയോടെ നിന്നു.അവൻ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് പതിയെ മീശ പിരിച്ചു.

അതും കൂടി കണ്ടതോടെ കല്യാണി പേടിച്ചു ബോധം കെട്ടു വീഴുമെന്ന അവസ്ഥയിലായി.ദേവൻ പതുക്കെ കല്യാണിയുടെ മുൻപിലേക്ക് നീങ്ങി നിന്നു.

ഇടം കൈകൊണ്ട് അവളുടെ ഇടുപ്പിലൂടെ ചുറ്റിയെടുത്ത് അവനിലേക്ക് ചേർത്തു നിർത്തി. കല്യാണി ശ്വാസം നിലച്ച പോലെ കണ്ണുകൾ പുറത്തേക്കുന്തി ഒരു പ്രതിമ കണക്കെ നിന്നു.

ദേവൻ ഒരു കള്ള ചിരിയോടെ കല്യാണിയുടെ മേൽച്ചുണ്ടിൽ പറ്റി പിടിച്ചിരിക്കുന്ന വിയർപ്പ് കണങ്ങൾ പതിയെ വിരൽകൊണ്ട് തുടച്ചു മാറ്റി.

അതിന് ശേഷം അവളുടെ മൂക്കിൻ തുമ്പിൽ ഒട്ടി പിടിച്ചു കിടക്കുന്ന വിയർപ്പ് തുള്ളികൾ പതുക്കെ ഒപ്പിയെടുത്തു.

അവ വിട്ടു പോരാൻ താല്പര്യമില്ലാത്ത മട്ടിൽ അവളെ ഒട്ടി പിടിച്ചു കിടക്കാൻ വൃഥാ ഒരു ശ്രമം നടത്തി.

ഈ ഇളം മേനിയിൽ ഞാനല്ലാതെ വേറൊന്നും ചേർന്നു കിടക്കേണ്ട അതെന്റെ അഹങ്കാരമാണെന്ന ധ്വനിയോടെ അവൻ അവളുടെ മുഖത്തെ ജല കണങ്ങളെ പതുക്കെ ഒപ്പിയെടുത്തു കൊണ്ടിരുന്നു.

ഈ സമയത്തിനോടകം കല്യാണി കണ്ണുകൾ മുറുകെ പൂട്ടി വച്ചിരുന്നു. പേടി കൊണ്ട് അവളുടെ ശംഖഴകുള്ള കഴുത്തിലൂടെ ഉമിനീരിറങ്ങി പോകുന്ന കാഴ്ച അവൻ വികാര വായ്പോടെ കണ്ടു നിന്നു.

കല്യാണിയുടെ വിറയ്ക്കുന്ന അധരങ്ങൾ കണ്ടതും ദേവൻ എല്ലാം മറന്നു അതിൽ മുത്തമിടാൻ മുഖം അടുപ്പിച്ചു. പൊടുന്നനെ ആരോ വിലക്കിയ പോലെ അവൻ മുഖം വെട്ടിച്ചു.

കല്യാണിയെ പതുക്കെ അവൻ കരവലയത്തിനുള്ളിൽ നിന്നും മോചിപ്പിച്ചു. വേറൊന്നും ഉരിയാടാതെ അവൻ പുറം തിരിഞ്ഞു വീടിനു വെളിയിലേക്കിറങ്ങി.

കല്യാണി പതുക്കെ മിഴികൾ ബലമായി വലിച്ചു തുറന്നു. മുന്നിൽ ആരെയും കാണാത്തതിനാൽ അവൾ ചുറ്റും ഒന്ന് നോക്കി.

അതിനു ശേഷം സംശയത്തോടെ വാതിൽ പ്പടിയിലേക്ക് വന്നു പുറത്തേക്ക് എത്തി നോക്കി. അപ്പൊ ദേവൻ പാട വരമ്പിലൂടെ നടന്നു പോകുന്നതാണ് കല്യാണി കണ്ടത്.

അവൾ അല്പം നിരാശയോടെ അവനിലേക്ക് തന്നെ കണ്ണും നട്ടിരുന്നു. കണ്ണിൽ നിന്നും വിദൂരതയിലേക്ക്  ദേവൻ മറഞ്ഞതും അവൾ അടുക്കളയിലേക്ക് വലിഞ്ഞു.

ബുള്ളറ്റിനു സമീപം എത്തിയിട്ടും ദേവൻ ആകെ ചിന്തിതനായിരുന്നു.കല്യാണിയുടെ അനുവാദമില്ലാതെ അവളെ ചുംബിക്കാൻ പോയ നിമിഷത്തെ അവൻ മനസിൽ പഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *