“ഡാ നീയെന്റെ നെഞ്ചു നോക്കി വീശുമല്ലേ? ”
ദേവൻ അലറിക്കൊണ്ട് അയാളുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചു. അപ്പോഴും ഒരു കൈകൊണ്ട് അയാളുടെ കൈക്കുഴയിൽ അവൻ മുറുകെ പിടിച്ചിരുന്നു.
വീണ്ടും വീണ്ടും ദേവൻ അയാളുടെ മുഖത്തു കനത്ത പ്രഹരം നൽകി.അവന്റെ മുഷ്ടിയുടെ ചൂട് അറിഞ്ഞ അയാൾ മൂക്കിന്റെ പാലം തകർന്ന വേദനയിൽ അലറി വിളിച്ചു കൊണ്ട് നിലത്തു കിടന്നുരുണ്ടു.
മൂക്കിൽ നിന്നും ചോര ഒഴുകി വരുന്നത് കണ്ട ദേവൻ ഒരു ചിരിയോടെ ബാക്കിയുള്ളവരെ നോക്കി വരുവാൻ വെല്ലുവിളിച്ചു.
അപ്പോഴേക്കും മനയുടെ ഉള്ളിൽ നിന്നും രുദ്രൻ തിരുമേനിയും മുത്തുമണിയുടെ അച്ഛൻ രഘുവരനും സഹോദരൻ ശ്രീനിവാസനും ഓടി പിടഞ്ഞു ഉമ്മറത്തേക്കെത്തി.
അച്ഛനെ കണ്ടതും മുത്തുമണി തന്നെ കുടുക്കി വച്ചിരിക്കുന്നവരുടെ കൈകൾ തട്ടി മാറ്റി രഘുവരന്റെ ചാരത്തേക്ക് ഓടിയടുത്തു.
അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു അവൾ സങ്കോചത്തോടെ അയാളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി.
അവളുടെ പൂച്ചക്കണ്ണുകളിലെ പിടപ്പ് കണ്ടതും അയാൾ മകളെ വെപ്രാളത്തോടെ ചേർത്തു പിടിച്ചു.
“മുത്തുമണി മോളെ… എന്തുപറ്റി ? ”
രഘുവരൻ അവളുടെ മുടിയിഴകൾ കോതിയൊതുക്കിക്കൊണ്ട് സ്വന്തം മകളെ ആശ്വസിപ്പിക്കുവാനായി ശ്രമിച്ചു.
“പപ്പാ ദേവൻ എനിക്ക് ഇവിടെ വരെ ലിഫ്റ്റ് തന്നതാ.. അതിനാ ആ ഗുണ്ടകൾ അവനെ ഉപദ്രവിച്ചത് ”
“അപ്പൊ മോൾടെ കാറോ അതെവിടെ ? ”
രഘുവരൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
അത് ബ്രേക്ക്‌ഡൌൺ ആയി പപ്പാ.. അപ്പോഴാ ദേവനെ വഴിക്ക് വച്ചു പരിചയപ്പെട്ടത്. അവനാ എനിക്ക് ലിഫ്റ്റ് തന്നേ… ഹെല്പ് ചെയ്തു തന്ന ഒരാളെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നതെന്നു ചോദിക്ക് പപ്പാ ”
മുത്തുമണി പ്രതീക്ഷയോടെ രഘുവരന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.അതൊരു കഴമ്പ് നിറഞ്ഞ ആവശ്യം ആണെന്ന് തിരിച്ചറിഞ്ഞതും രഘുവരൻ രുദ്രൻ തിരുമേനിയെ മുഖം തിരിച്ചുനോക്കി.
“എന്താ ഏട്ടാ ഇത്? ആരാ ഇയാള്? എന്തിനാ എല്ലാരും കൂടി അയാളെ ഉപദ്രവിക്കാൻ നോക്കുന്നെ ? ”
രഘുവരൻ അയാൾക്ക് നേരെ പൊട്ടി ത്തെറിച്ചു.
മകളെ അത്രയ്ക്കും ഇഷ്ട്ടപെടുന്ന ആ അച്ഛന് തന്റെ മകളുടെ മുൻപിൽ കാണിച്ചു കൂട്ടുന്ന ഈ കോപ്രായങ്ങൾക്ക് തല വച്ചു കൊടുക്കാൻ ഒരുക്കമില്ലായിരുന്നു.
അയാൾ സ്വന്തം ചേട്ടനായ രുദ്രൻ തിരുമേനിയുടെ മറുപടിക്കായി കാത്തിരുന്നു.
“രഘു അത് വേറാരുമല്ല നമ്മുടെ ശത്രുവാ…ശത്രു ”
രുദ്രൻ തിരുമേനി നിന്നു കിതച്ചു.
“ഏത് ശത്രു? എന്തൊക്കെയാ ഏട്ടൻ ഈ പറയണേ.. ഒന്ന് തെളിച്ചു പറാ ”
അല്പം മുഷിപ്പോടെ നെറ്റി ചുളിച്ചുകൊണ്ട് അയാൾ രുദ്രൻ തിരുമേനിയെ നോക്കി.
“തേവക്കാട്ട് ശങ്കരന്റെ സന്തതിയാണവൻ.അതിലുപരി നമ്മുടെ ആജന്മശത്രുവും “