വശീകരണ മന്ത്രം 8 [ചാണക്യൻ]

Posted by

ഓഹ് മാഡം ഓടിന്റെ എണ്ണം എടുത്തോണ്ടിരിക്കുവാല്ലേ? അവൻ ആത്മഗതം പറഞ്ഞു.

“എന്തോന്നാ താൻ പിറുപിറുക്കുന്നേ?”

അരുണിമയുടെ ചോദ്യം കേട്ട് അനന്തു പൊടുന്നനെ ഞെട്ടിയെങ്കിലും അവൻ ഒന്നുമില്ലെന്ന് പറഞ്ഞു ചുമൽ കൂച്ചി.

അരുണിമ മുഖം തിരിച്ചതും അനന്തു ആശ്വാസത്തോടെ നെഞ്ചിൽ തടവിക്കൊണ്ടിരുന്നു.ചായ കുടിച്ച ശേഷം ഗ്ലാസ്‌ അമ്മയ്ക്ക് കൈ മാറിയ ശേഷം അനന്തു പോകാനായി തിരിഞ്ഞു.

അപ്പോഴാണ് അവളുടെ കയ്യിലാകെ പറ്റിപ്പിടിച്ചിരിക്കുന്ന പല വിധ നിറങ്ങൾ അവന്റെ ശ്രദ്ധയിൽ പെട്ടത്.

“അയ്യോ ഇതെന്താ പറ്റിയേ?”

അനന്തു അവളുടെ കയ്യിലേക്ക് ചൂണ്ടി.

അപ്പോഴാണ് അവളുടെ അമ്മയും അത് ശ്രദ്ധിക്കുന്നത്. അവർ ഓടി വന്ന് അരുണിമയുടെ രണ്ടു കൈകളും ഉയർത്തി പിടിച്ചു സൂക്ഷ്മതയോടെ നോക്കി.

അവൾ ചുണ്ട് കടിച്ചു പിടിച്ചു ദൈന്യതയോടെ അമ്മയെ നോക്കി.ആശ അവളെ മുഖമുയർത്തി ശാസനയോടെ നോക്കി.

“ന്റെ ആരു മോളെ എന്തൂട്ടാ ഇതൊക്കെ… രാത്രീല് ഇതാർന്നൂലെ പണി? എന്റെ കുട്ടിക്ക് ഉറക്കൊന്നൂലെ ഈശ്വരാ ”

അമ്മ ദൈവത്തോട് പരിഭവം പറഞ്ഞുകൊണ്ടിരുന്നു.സ്വന്തം മകളെ കുറിച്ചുള്ള ഒരമ്മയുടെ ആധി ആ കണ്ണുകളിൽ അനന്തു കണ്ടു.

“അമ്പലത്തീന്ന് പൂജാരിയോട് പറഞ്ഞു ന്റെ കുട്ടീടെ ദിനം മാറ്റാൻ ചരട് പൂജിച്ചു വാങ്ങാട്ടോ ”

ആശ വിലപിച്ചു.

അനന്തു അതേ പറ്റി അവളുടെ അമ്മയോട് കൂടുതലായി  ചോദിക്കാൻ നിന്നതും അരുണിമ അവനെ നോക്കി കണ്ണുരുട്ടിയതും ഒരുമിച്ചായിരുന്നു.

അതോടെ അവന് നിൽക്കക്കള്ളി ഇല്ലാതായി. അവസാനംമനസില്ലാമനസോടെ അവൻ പോകാൻ തയാറായി.

“ഞാൻ പോട്ടെ അമ്മേ”

അനന്തു യാത്ര ചോദിച്ചു.

“ശരി മോനെ… പിന്നൊരിക്കെ വായോ”

“വരാം അമ്മേ ”

അനന്തു അമ്മയോടായി പറഞ്ഞു.ആശ  അവിടെ കിടന്ന മുഷിഞ്ഞ തുണി കൊണ്ട് അവളുടെ കയ്യിൽ ഉണങ്ങി പറ്റിപിടിച്ച നിറങ്ങൾ അമർത്തി തുടച്ചു കളയുന്ന തിരക്കിൽ ആയിരുന്നു.

അരുണിമയുടെ അനിയത്തിക്ക് ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അവൻ പോകാനായി ഇറങ്ങി.

വാതിൽ പടിയിൽ നിന്നും തിരിഞ്ഞു നോക്കിയപ്പോൾ അവനെ തന്നെ നോക്കികൊണ്ടിരുന്ന രണ്ടു പൂച്ചകണ്ണുകൾ പൊടുന്നനെ സ്ഥാനം തെറ്റി മറ്റെങ്ങോട്ടോ ദൃഷ്ടി പതിപ്പിച്ചത് ഒരു ചിരിയോടെ അവൻ നോക്കിക്കണ്ടു.

അനന്തു നേരെ ബുള്ളറ്റ് നിർത്തി വച്ച സ്ഥലത്തേക്ക് വെയിലത്ത് നടന്നു. നല്ല ഉഷ്ണം കാരണം അവന് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു.

ചായ കുടിച്ചത് പോരാ എന്ന് അവന് തോന്നി. ദാഹം മാറാൻ എവിടുന്നേലും  കുറച്ചു വെള്ളം വാങ്ങി കുടിക്കണമെന്ന് നിശ്ചയിച്ച് അവൻ ബുള്ളറ്റിനു സമീപം നടന്നെത്തി.

Leave a Reply

Your email address will not be published. Required fields are marked *