“ദേവാ എന്തേലും പറ്റിയോ ? ”
അവൾ സംഭ്രമത്തോടെ അവന്റെ ദേഹത്തു പറ്റി പിടിച്ചിരുന്ന മണൽത്തരികൾ കൈകൊണ്ട് തുടച്ചു മാറ്റികൊണ്ടിരുന്നു.
ദേവൻ അവളുടെ കൈ പതുക്കെ പിടിച്ചു മാറ്റി. അവൾ അവനെ തുറിച്ചു നോക്കി.ഇപ്പൊ അങ്ങനൊരു കാഴ്ച അവളുടെ വീട്ടുകാർ കാണാതിരിക്കുന്നതാണ് നല്ലതെന്നു അവന് തോന്നി.
“മുത്തുമണി പൊക്കോളൂ ”
ദേവൻ അവളോട് പോകാനായി കേണു.എന്നാൽ അവൾ അത് അനുസരിച്ചില്ല. അവൾക്ക് ദേവനെ ഒറ്റക്ക് വിട്ടിട്ട് പോകുവാൻ തോന്നിയില്ല.
മനയിലെ ഒരു പുരുഷ കേസരി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചതും രണ്ടു മൂന്നു സ്ത്രീ രത്നങ്ങൾ അങ്ങോട്ടേക്ക് ഓടി വന്നു.
അവർ മുത്തുമണിയുടെ കയ്യിൽ പിടിച്ചു ബലമായി ഉള്ളിലേക്ക് കൊണ്ടു പോകാൻ നോക്കി. എന്നാൽ അവൾ നന്നായി പ്രതിരോധിച്ചതും അവർക്ക് അവളെയും കൊണ്ട് ഉള്ളിലേക്ക് പോകാൻ സാധിച്ചില്ല.
“വിട് എന്നെ വിടാൻ ”
മുത്തുമണി ചീറിക്കൊണ്ട് അവരിൽ നിന്നും കുതറി മാറാൻ നോക്കി. എന്നാൽ അവർ അവളെ കൂടുതൽ ബലം പിടുത്തതിലൂടെ മുറുകെ പിടിച്ചു വച്ചു.
മുത്തുമണി നിസ്സഹായതയോടെ ദേവനെ മുഖം ചരിച്ചു നോക്കി. ദേവൻ ഒന്നും മിണ്ടാനാകാതെ അവളുടെ പിടയ്ക്കുന്ന പൂച്ചക്കണ്ണുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു.
ഈ സമയം ഇടതു വശത്തു നിന്നും ആരോ വീശിയ മരക്കഷ്ണം ദേവൻ കയ്യെത്തിച്ചു പിടിച്ചു തടഞ്ഞു.
ആ മരക്കഷ്ണത്തിൽ അവൻ ദൃഢമായി പിടിച്ചുകൊണ്ട് അത് വീശിയ ആളെ കോപത്തോടെ എരിയുന്ന കണ്ണുകളോടെ നോക്കി.
അയാൾ ആ നോട്ടത്തിന്റെ ജ്വാല സഹിക്കാനാവാതെ കണ്ണുകൾ ചിമ്മി തുറന്ന നിമിഷം കൊണ്ട് ദേവൻ വായുവിൽ ഉയർന്നു ചാടി വലതു കാൽ വട്ടത്തിൽ വീശി അയാളുടെ കഴുത്തിനു നേരെ ലക്ഷ്യം വച്ചു.
പ്ദ്ധക്
“ആാാഹ് ”
അയാൾ വേദനയോടെ നിലത്തേക്ക് മുഖമടിച്ചു വീണു. ദേവൻ ക്രോധത്തോടെ മണ്ണിൽ പുരണ്ടു കിടക്കുന്ന അയാളുടെ മുഖത്തു ആഞ്ഞു ചവിട്ടി.
മുഖമടച്ചു കാലുകൊണ്ട് ഒരു താഡനം കൂടി നൽകിയതും അയാൾ ബോധരഹിതനായി.അയാളുടെ നാസികയിൽ നിന്നും ഉതിർന്ന നിശ്വാസം നിലത്തെ മൺതരികളെ ദൂരേക്ക് തട്ടി തെറിപ്പിച്ചു.
അത് കണ്ടു മുത്തുമണിയും തിരുവമ്പാടി മനയിൽ ഉള്ളവരും ഞെട്ടലോടെ ദേവനിലേക്ക് ദൃഷ്ടി പതിപ്പിച്ചു.
ജോലി ചെയ്യുന്നവർ മുറുമുറുപ്പോടെ അബോധാവസ്ഥയിൽ നിലത്തു കിടക്കുന്ന ആളെ നോക്കികൊണ്ടിരുന്നു.
അപ്പോഴേക്കും ദേവന്റെ പുറകിലൂടെ പമ്മി പമ്മി വന്ന മറ്റൊരാൾ പതുങ്ങിയിരുന്ന് അവന്റെ കഴുത്തിനു മുന്നിലൂടെ കയ്യിട്ട് പിടിച്ചു വച്ചു.
അയാൾ കൈകൊണ്ടു ദേവന്റെ കഴുത്തിൽ ചുറ്റിപിടിച്ചുകൊണ്ട് അവനെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. ദേവൻ നിഷ്പ്രയാസം അയാളുടെ കൈ പിടിച്ചു മാറ്റി.
അതിനു ശേഷം അയാളുടെ കൈ മുട്ട് തോളിലേക്ക് പിടിച്ചു വച്ച് അവൻ താഴേക്ക് ശക്തിയിൽ വലിച്ചു.