എല്ലാം കൂടി ഞാനും ആരതിയും കൂടി ഇരുന്നു ചാർട്ട് ചെയ്യുമ്പോൾ ജോപ്പനും ഋതിനും ബാക്കിയുള്ളതുങ്ങളും കൂടി ഗസ്റ്റിനെ തപ്പിയും ലൈറ്റ് ഉം സൗണ്ടും ബാക്കിയുള്ള കാര്യങ്ങളും ഒക്കെ സെറ്റ് ആക്കുന്ന തിരക്കിൽ ആയിരുന്നു.
“ഓളം 2021…..
പേരൊക്കെ കൊള്ളാം…പക്ഷെ പൊന്നുമോനെ കാൽവിനെ നീയൊക്കെ കൂടി ഇട്ട ബഡ്ജറ്റ് അതിത്തിരി കടന്ന കൈ ആയിപോയില്ലേ,… ”
ഫുൾ പരിപാടിയുടെ ലിസ്റ്റും, അതിന് വേണ്ട സംഭവങ്ങളുടെ കോട്ടേഷനും ബഡ്ജറ്റ് ഉം കണ്ടു കണ്ണും തള്ളി ഇരുന്ന മേഘ മിസ് അവസാനം ഒരു ദീര്ഘനിശ്വാസമിട്ടു എന്നോട് മൊഴിഞ്ഞു.
“എന്റെ പൊന്നു മിസ്സെ, ശെരിക്കും ഇതിലും കൂടുതൽ വരും, ഇതിപ്പോ ഒത്തിരി കുറച്ചിട്ടാണ് ഇതിലൊന്നു ഒതുക്കിയത്…”
ഞാൻ വിനയകുനയനായി അവസ്‌ഥ പറഞ്ഞു.
“എടാ…പക്ഷെ,….ഞാൻ കാര്യമായി അവിടെ പറയാം, പക്ഷെ ഇത് ഞാൻ ഒറ്റയ്ക്ക് അപ്പ്രൂവ് ചെയ്യുന്നതല്ല, സ്റ്റാഫ് കൗണ്സില് കൂടി തീരുമാനിച്ചിട്ട് അവസാനം പ്രിന്സിപ്പലാണ് തീരുമാനം എടുക്കുന്നത്….ഞാൻ മാക്സിമം നോക്കാം…”
മിസ്സ് ചിരിയോടെ പറഞ്ഞെങ്കിലും, ഈ കഞ്ഞി കോളേജിൽ നിന്ന് അപ്പ്രൂവ് ചെയ്തു കിട്ടുമെന്ന പ്രതീക്ഷ എനിക്ക് പോലും ഇല്ലായിരുന്നു.
ഉച്ചക്ക് ബ്രേക്ക് കിട്ടിയ സമയം കുറച്ചു നേരം എനിക്കും അങ്കിക്കും കിട്ടി, കോളേജിന്റെ നടുഭാഗത്തുള്ള സെന്റർ സ്‌പേസിൽ പടിക്കെട്ടിൽ എന്റെ തോളിൽ ചാരി ഇരുന്നു പരാതി പറഞ്ഞു ചെവി തിന്നുകയാണ് പെണ്ണ്.
“നിന്നെ ഇപ്പൊ ഒന്നു മിണ്ടാനും കൂടി കിട്ടണില്ല….”
“അവസ്ഥ എന്താണെന്ന് നിനക്കും അറിയാലോ അങ്കി, ഒന്നു ക്ലാസ്സിൽ കൂടെ കേറാൻ പറ്റുന്നില്ല, രാവിലെ വന്നു ബാഗ് വെച്ചിട്ട് ഓരോ കാര്യത്തിന് ഇറങ്ങിയാൽ പിന്നെ വൈകിട്ട് ബാഗ് എടുക്കാനാ കേറുന്നെ…നിന്നെ എനിക്കും മിസ് ചെയ്യുന്നില്ലെന്നാണോ…”
“എനിക്കറിയാടാ, എങ്കിലും ഇടയ്ക്കോർക്കും നീ ജയിച്ചില്ലായിരുന്നേൽ, എനിക്ക് കൂടെ തന്നെ ഇരിക്കായിരുന്നല്ലോ എന്നു…”
എന്റെ കൈ അവളുടെ ഉള്ളം കയ്യിൽ ആക്കി തഴുകി പെണ്ണ് പറഞ്ഞു.
“ഇടയ്ക്കത് ഞാനും ഓർക്കും,…ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ…”
“ഇതൊക്കെ കഴിയുമ്പോൾ നമുക്ക് എവിടേലും കറങ്ങാൻ പോവാടാ…”
“നമുക്ക് പോവാടി…നീ സ്ഥലം കണ്ടു വെച്ചോ…”
അവളുടെ മുടിയിലൂടെ ഒന്നു കയ്യൊടിച്ചു ഞാൻ ഒന്ന് മയപ്പെടുത്തി, എന്റെ തിരക്ക് അവളെയും വല്ലാതെ ഡൗണ് ആക്കുന്ന പോലെ തോന്നി, എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന പെണ്ണ് ഇങ്ങനെ ഇരിക്കുന്നത് കാണുമ്പോൾ എന്തോ പോലെ.