മിസ്സിനെ ഒന്നു കാണണം, കൃഷ്ണേന്ദുവിനേയും.
ബാക്കി പരിപാടികൾ എല്ലാം ഉച്ച കഴിഞ്ഞിട്ടാണ് പ്ലാൻ ചെയ്തിരിക്കുന്നത്,
ലഞ്ച് ബ്രേക്കിന് വിട്ടിരിക്കുന്നതുകൊണ്ടു ഒന്നു ഇരിക്കാൻ നേരം കിട്ടുന്നത് ഇപ്പോഴാണ്.
“ഡി മിസ്സ് എന്ത്യേ…”
സ്റ്റേജിന്റെ സൈഡിൽ ഋതിന്റെ വായിലിരുന്ന പഫ്‌സിന്റെ പകുതി വലിച്ചു പറിച്ചു വെട്ടി വിഴുങ്ങുവാണ് പെണ്ണ്.
“ഗ്ഗ്ദ്ഫ…ഹഹ്ഹക്ക്…”
“ഓഹ് അതൊന്ന് ഇറക്കിയിട്ട് പറ ശവമേ….”
ഋതിൻ തിരിച്ചു തൊള്ളയിൽ കയ്യിട്ടു എടുക്കാതിരിക്കാൻ അപ്പാടെ വായിൽ കുത്തി നിറച്ചു പറയുന്ന ആരതി എന്തോ ഭാഷയിൽ എന്തോ പറഞ്ഞു.
“മിസ്സ് ഫുഡ് കഴിക്കാൻ പോയെടാ….”
പഫ്‌സ് വിഴുങ്ങി കിതച്ചു അവൾ പറഞ്ഞൊപ്പിച്ചു.
“മ്മ്മ് ശെരി…വർക്ക് നടക്കട്ടെ…”
അവളെ ആട്ടി ഞാൻ താഴേക്ക് നടന്നു, അങ്കിയെ ഒന്നു കാണാം എന്നു വെച്ചു, ഇത് തലയിൽ കേറിയതിൽ പിന്നെ പെണ്ണിനെ ഒന്നു മര്യാദയ്ക്ക് കാണാൻ കൂടി പറ്റുന്നില്ല,…പാവം കൊച്ച്,
പിന്നെ അവളായത് കൊണ്ടു പരാതിയും പ്രശ്നവുമായി ഒന്നും വരാറില്ല, തിരക്കും പ്രശ്നവും ഒക്കെ അവൾക്കും നല്ലോണം അറിയാം. കുഞ്ഞു പരിഭവം ഒക്കെ പറയുമെങ്കിലും കാര്യങ്ങൾ ഞാൻ പറയാതെ തന്നെ പെണ്ണിന് മനസിലാവും.
ക്ലാസ്സിൽ കേറി ചെല്ലും മുന്നേ പെണ്ണിന്റെ ചിലക്കൽ പുറത്തു കേൾക്കാം.
“നീ പോടാ..പട്ടി, എനിക്ക് വാങ്ങി തരാന്ന് പറഞ്ഞ ഡയറി മിൽക്ക് തരാണ്ട് നീ ഇന്നിവിടുന്നു മുണ്ടുടുത്തു പോവില്ല….വാക്കിന് വിലയില്ലാത്ത ചെറ്റ….”
നോക്കുമ്പോൾ കൃഷ്ണയുടെ മുണ്ടിന്റെ തുമ്പും വലിച്ചുപിടിച്ചു കീറി പൊളിക്കുവാണ് എന്റെ സ്വന്തം ഉരുപ്പിടി, അവനാണെങ്കിൽ മാനം വെറും പത്തുരൂപയുടെ ജെട്ടിയിൽ നിന്നു എത്തിനോക്കുമോ എന്നു പേടിച്ചു മുണ്ട് മുറുക്കി പിടിച്ചു ഞെരിപിരി കൊള്ളുന്ന വിഷമത്തിലും ബാക്കി ഉള്ളതുങ്ങളെല്ലാം നോക്കി നിന്നു ചിരിക്കുന്നതല്ലാതെ അടുത്തോട്ടു പോവുന്നില്ല, അങ്കിക്ക് വട്ടു പിടിച്ചാൽ പിന്നെ പെണ്ണിന് ബോധമില്ല എന്നു എല്ലാത്തിനും അറിയാം വാശി കയറിയാൽ വെറും ഊളയാണ് പെണ്ണ്.
“ഡാ രക്ഷിക്കട…ഈ പ്രാന്തി എന്റെ തുണിയുരിയും മുന്നേ ഒന്നു രക്ഷിക്കട കാൽവീ…”
എന്നെ കണ്ടപാടെ കരഞ്ഞു നിലവിളിച്ചു അവൻ കൂവി.
“എന്റെ പൊന്നങ്കി, ഒന്നു വിട്ടുകൊടുക്ക്, അവൻ വാങ്ങി തരും…”