“എനിക്ക് അറിയില്ലടാ…” ഇത്തവണ സോഫ്റ്റായിട്ടാണ് അവൻ മറുപടി പറഞ്ഞത്. ലൂക്കാച്ചൻ പറയുന്നത് നൂറു ശതമാനം കള്ളമാണെന്ന് എനിക്ക് ഉറപ്പായിരുന്നു, എങ്കിലും കൂടുതൽ ചോദിക്കാൻ ഞാൻ നിന്നില്ല.
ലൂക്കാച്ചൻ അകത്തേക്ക് തിരിച്ചുപോയി. ഞാൻ കുറച്ചുസമയം മുറ്റത്ത് നിന്നു. പിന്നീട് ആഹാരം കഴിച്ച് റൂമിലേക്ക് വന്നു. കമ്പ്യൂട്ടറിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഉണ്ണി കയറിവന്നത്.
“ചേട്ടായി, എന്താണ് പരിപാടി?” എന്റെ അരികിൽ വന്ന് അവൻ ചോദിച്ചു.
“ചുമ്മാ ഒരു സിനിമ.” ഞാൻ മൂവി സ്റ്റോപ്പ് ചെയ്ത് അവനോട് പറഞ്ഞു.
“ഞാൻ ഇങ്ങോട്ട് വന്നത് ബുദ്ധിമുട്ടായോ?” അവൻ പതുക്കെ ചോദിച്ചു.
“ഇല്ലടാ…” ചെക്കൻ എന്റെ അവസ്ഥ മനസ്സിലാക്കി ചോദിച്ചതാണെങ്കിലും ഞാൻ ചിരിച്ചുകൊണ്ട് അവനെ സമാധാനിപ്പിച്ചു.
“താഴെ വെച്ച് ചേട്ടൻ ആരോടും സംസാരിക്കുന്നത് കണ്ടില്ല, അതുകൊണ്ട് ചോദിച്ചതാണ്.”
“എനിക്ക് ആരോടും അധികം സംസാരമില്ലടാ. നദി നേരത്തെ ഉറങ്ങിയത് നന്നായി, ഇല്ലെങ്കിൽ അവൾ എന്നെ വിടില്ലായിരുന്നു.”
“ശരി, ഞാൻ കിടക്കുകയാണ്.” എന്റെ മൂഡ് അറിഞ്ഞ് ഉണ്ണി ഒഴിഞ്ഞുമാറി.
“നീ കിടന്നോ, ഞാൻ ഉറങ്ങാൻ താമസിക്കും,” ബെഡിലേക്ക് കിടന്ന അവനോട് ഞാൻ പറഞ്ഞു.
സിനിമ വീണ്ടും പ്ലേ ചെയ്തു. റോബർട്ട് ഡി നീറോ (Robert De Niro) അഭിനയിച്ച ‘Falling in Love’ ആയിരുന്നു ചിത്രം. സിനിമ അവസാനിക്കാൻ പത്ത് മിനിറ്റുള്ളപ്പോൾ മേശയിലിരുന്ന മൊബൈൽ റിംഗ് ചെയ്തു. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ എനിക്ക് ഉള്ളിലൊരു കുളിര് തോന്നി. സിനിമ ഓഫ് ചെയ്ത് ഞാൻ ഫോണെടുത്തു.