——————————————————————
രണ്ടു ദിവസം കടന്നുപോയി. പള്ളി ഗ്രൗണ്ടിൽ ടിറ്റോയും സംഘവും ഇപ്പോഴും എബിയെക്കുറിച്ചുള്ള ചർച്ചയിലാണ്.
“നീയൊക്കെ കണ്ടോ… ഉണ്ണിയുടെ വായിൽ നിന്നുതന്നെ നമ്മൾ സത്യങ്ങൾ മുഴുവൻ അറിയും,” ഷാഹിർ രണ്ടിനെയും നോക്കി പറഞ്ഞു.
“അല്ലടാ… നമ്മൾ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ഉണ്ണി പിണങ്ങിപ്പോയല്ലോ,” അലക്സിന് സംശയം.
“നമ്മൾ കൈവെച്ച ടീം നിസ്സാരമല്ല അലക്സേ. എന്റെ വീട്ടിൽ പറയുന്നത് വെച്ച് നോക്കിയാൽ ഈ എബിയും അത്ര നല്ലവനൊന്നുമല്ല,” ടിറ്റോ ഗൗരവത്തോടെ പറഞ്ഞു. സണ്ണിച്ചേട്ടൻ പറഞ്ഞ കഥകൾ വെറും തള്ളല്ലെന്ന് ഷാഹിറിനും ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്.
അതേസമയം, എസ്.പി. ശ്രീകുമാറിന്റെ ഓഫീസിൽ ഒരു നിശബ്ദ യുദ്ധം നടക്കുകയായിരുന്നു.
“സാർ, ഒരു വിസിറ്ററുണ്ട്. വലിയവീട്ടിൽ എബ്രാഹം,” കോൺസ്റ്റബിൾ വന്നു പറഞ്ഞപ്പോൾ ശ്രീകുമാർ ഒന്ന് ഞെട്ടി. കയ്യിലിരുന്ന ഫയൽ മാറ്റിവെച്ച് അയാൾ പറഞ്ഞു, “വരാൻ പറയൂ.”
കോളേജ് യൂണിഫോമിൽ തന്നെ എബി അകത്തേക്ക് കയറി. ശ്രീകുമാർ ഒരു കൃത്രിമ ചിരിയോടെ അവനെ സ്വാഗതം ചെയ്തു.
“എന്താണ് എബി സാറിന്റെ പരാതി?” ശ്രീകുമാർ കളിയായി ചോദിച്ചു.
“ജി.കെ നമ്പ്യാരും രാജ്‌മോഹനും തമ്മിൽ നിലവിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?” എബിയുടെ ചോദ്യം കേട്ട് ശ്രീകുമാറിന്റെ ചിരി മാഞ്ഞു.
“മോനെ എബി… നീ വല്ല കലാപവും ഉണ്ടാക്കാൻ പോവുകയാണോ?”
“ഞാനൊരു സഹായം ചോദിക്കാൻ വന്നതല്ലേ അങ്കിൾ,” എബി കസേരയിലേക്ക് ചാരിയിരുന്നു.