പ്രിൻസിപ്പാളിന്റെ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ എന്റെ പ്രതീക്ഷ പോലെ തന്നെ ട്രിസ അവിടെ നിൽപ്പുണ്ടായിരുന്നു.പഴയ ക്ലാസ്‌മേറ്റ് ആണെന്ന പരിഗണനയൊന്നും അവളുടെ മുഖത്തില്ല. കൈ കെട്ടി, ചുവരിൽ ചാരി നിന്ന് എന്നെ ഒരുമാതിരി നോട്ടം.
“എന്താണ് കൊച്ചുമുതലാളിയുടെ ഈ എഴുന്നള്ളത്തിന്റെ ഉദ്ദേശം? വന്ന ദിവസം തന്നെ കോളേജ് അടിച്ച് തകർക്കാനാണോ?” ട്രിസയുടെ സ്വരത്തിൽ നല്ല ഒന്നാന്തരം പുച്ഛം.
“ദുരുദ്ദേശമില്ല ട്രിസേ… സമാധാനമായി ഒന്ന് പഠിക്കണം, അത്രയേയുള്ളൂ.” സൺഗ്ലാസ് എടുത്ത് വെച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“പഠിക്കാനോ? നീയോ?” അവൾ ഒന്ന് പരിഹാസത്തോടെ ചിരിച്ചു. “ഹാരിസ് എബ്രഹാം വലിയവീട്ടിൽ… പേരിന്റെ കൂടെയുള്ള ആ തറവാട്ടു മഹിമയൊന്നും ഇവിടെ ചെലവാകില്ല മോനെ. ഇത് പത്തനംതിട്ടയല്ല. ഇവിടുത്തെ പിള്ളേരെ നിനക്കറിയില്ല.”
“എനിക്കാരെയും അറിയണ്ട ട്രിസേ. എന്നെ ആരും ചൊറിയാൻ വന്നില്ലെങ്കിൽ ഞാൻ ആരെയും കടിക്കാനും പോകില്ല.” ഞാൻ മുന്നോട്ട് നടക്കാൻ ഒരുങ്ങി.
“നിന്നെ ആരും ചൊറിയില്ലായിരിക്കും, പക്ഷേ നിന്റെ ഈ ‘ഷോ’ കണ്ടാൽ ആർക്കായാലും ഒന്ന് ചൊറിയാൻ തോന്നും.” അവൾ എന്റെ മുന്നിലേക്ക് കയറി നിന്നു. “പിന്നെ ഒരു കാര്യം കൂടി… പണ്ട് നമ്മൾ ഒന്നിച്ച് പഠിച്ചതാണെന്നോ, പരിചയമുണ്ടെന്നോ കരുതി എന്റെ അടുത്ത് വരണ്ട. ഇവിടെ ഞാൻ ടീച്ചറാണ്, നീ ഒരു സ്റ്റുഡന്റും. ആ അകലം സൂക്ഷിച്ചാൽ നിനക്ക് നല്ലത്.”
”നാണമില്ലല്ലോ എബി നിനക്ക്… മൂന്ന് വർഷം കഴിഞ്ഞ് ഇത്രയും പിള്ളേരുടെ ഇടയിലേക്ക് പഠിക്കാൻ വരാൻ!” അവൾ പല്ലു കടിച്ചു കൊണ്ട് പറഞ്ഞു.