“ആരാ അനിയാ ഇവിടെയിരുന്ന കൊച്ച്? നിന്റെ കാമുകിയാണോ?” ഇഷാൻ തമാശയായി ചോദിച്ചതാണെങ്കിലും, ടിറ്റോയ്ക്ക് അതൊരു പരിഹാസമായി തോന്നി.
“ആണെങ്കിൽ ഏട്ടന് എന്താ?” തന്ന അനിയാ എന്ന് വിളിച്ച ഇഷാനെ ടിറ്റോ ‘ഏട്ടാ’ എന്ന് തിരിച്ചു വിളിച്ചു. ആ വിളി ഇഷാനിൽ ഒരു ചിരിയുണ്ടാക്കി.
“അളിയാ… വാ!” ഇഷാൻ ടിറ്റോയുടെ തോളിൽ കയ്യിട്ടു.
“അളിയൻ ദേഹത്തുനിന്ന് കൈ എടുക്ക്!” ടിറ്റോ ആ കൈ തട്ടിമാറ്റി മുന്നോട്ട് നടന്നു. സ്വന്തം അളിയനല്ലേ മുന്നിൽ നിൽക്കുന്നത്, ഇഷാൻ വീണ്ടും വിടാതെ തോളിൽ പിടിച്ചു.
“നിന്നോട് പറഞ്ഞല്ലോ!” പെട്ടെന്ന് ടിറ്റോ ഇഷാന്റെ കോളറിൽ കുത്തിപ്പിടിച്ചു. കോളേജിലെ ആദ്യ ദിവസം തന്നെ ഷൈൻ ചെയ്യാനുള്ള ടിറ്റോയുടെ പുറപ്പാടായിരുന്നു അത്.
“വന്ന ദിവസം തന്നെ ഷോ ഇറക്കാതെ മോൻ വിട്ടോ,” ഇഷാന്റെ കോളറിലെ ടിറ്റോയുടെ കൈ വിടുവിച്ച് സന്ദീപ് ഇടപെട്ടു.
“നീ ആരാടാ?” ടിറ്റോ സന്ദീപിന്റെ നേരെ തിരിഞ്ഞു. ചുറ്റും പെൺകുട്ടികൾ കൂടി നിൽക്കുന്നത് കണ്ടപ്പോൾ ടിറ്റോയ്ക്ക് ആവേശം കൂടി.
“നമ്മുടെ കയ്യിലെ പിള്ളേരല്ലേ, വിട്ടേക്ക്,” കൂട്ടത്തിലെ മൂന്നാമൻ നെൽസൺ അങ്ങോട്ട് വന്നു. നെൽസണ് ബബിതയോട് ഒരു കണ്ണുണ്ട്, അവൾക്കാണെങ്കിൽ ഇവനെ കാണുന്നതേ ഇഷ്ടമല്ല. നെൽസൺ ടിറ്റോയെ പിടിച്ചു തള്ളി മാറ്റുന്നത് കണ്ട് ഷാഹിറിന് ദേഷ്യം വന്നു. സ്വന്തം കൂട്ടുകാരനെ എല്ലാവരും കൂടി ചേർന്ന് ആക്രമിക്കുകയാണെന്ന് കരുതിയ ഷാഹിർ ഓടിവന്ന് നെൽസന്റെ നെഞ്ചിൽ ഒറ്റച്ചവിട്ട്!