“വർഷാ, ഇതാണ് ഞങ്ങൾ പറയാറുള്ള ‘കൊച്ചുമുതലാളി’,” വിനി പരിചയപ്പെടുത്തിയപ്പോൾ വർഷ ചിരിയടക്കാൻ പാടുപെടുന്നത് ഞാൻ കണ്ടു.
“ഞാൻ വർഷ. ഇവരുടെ കൂടെ വർക്ക് ചെയ്യുന്നു,” അവൾ സ്വയം പരിചയപ്പെടുത്തി. ഒരു ഡോക്ടറുടെ പക്വതയൊന്നും അവൾക്കില്ല, നല്ല നാണവുമുണ്ട്.
“ഇരിക്കൂ,” ഞാൻ വർഷയോട് പറഞ്ഞു. അവർക്ക് കൂട്ട് കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
അടുത്തു കിടന്ന കസേര വലിച്ചിട്ട് വർഷയ്ക്ക് ഇരിക്കാൻ കൊടുത്തുകൊണ്ട്, അതുവരെ മിണ്ടാതിരുന്ന ഉണ്ണി കളി തുടങ്ങി. “വെജ് ഓർ നോൺ വെജ്?” ഉണ്ണി വർഷയെ നോക്കി ഒലിപ്പിച്ചു തുടങ്ങി.
“ബിരിയാണി!” അധികം ആലോചിക്കാതെ എമിലി മറുപടി പറഞ്ഞു.
ഉണ്ണി ഞെട്ടി എന്നെ നോക്കി. എല്ലാവരും നൂഡിൽസ് കഴിക്കുമെന്ന് കരുതി ബാക്കി വന്ന പൈസ എണ്ണി നോക്കി നിന്ന ഉണ്ണിയുടെ അവസ്ഥ കഷ്ടമായിരുന്നു. വാ പൊളിച്ചു നിന്ന ഉണ്ണിയെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ മൂന്ന് ചിക്കൻ ബിരിയാണി പറഞ്ഞു. വർഷയും ഉണ്ണിയുടെ ഭാവം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു.
“ഉണ്ണി എപ്പോഴാ വന്നത്?” അവന്റെ ചമ്മൽ മാറ്റാൻ വിനി ചോദിച്ചു.
“ഇന്നലെ എത്തി. അഡ്മിഷൻ കിട്ടിയത് ഇവിടെയാണ്,” ഉണ്ണി കഷ്ടപ്പെട്ട് പറഞ്ഞു. ഇടയ്ക്ക് എന്നെ ഒന്ന് ദേഷ്യപ്പെട്ട് നോക്കാനും അവൻ മറന്നില്ല.
“എബി, നിന്റെ ബിസിനസ് പൂട്ടിയെന്ന് കേട്ടല്ലോ?” എമിലി വീണ്ടും എനിക്കിട്ട് കൊട്ടി. വിനിയും എമിലിയും കണ്ണുകൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.