അപ്പോഴേക്കും ലിയോണയും ഒരുങ്ങി വന്നു. അടുത്ത വീട്ടിലെ കുട്ടിയാണ്. യൂണിഫോം പോലെ രണ്ടുപേരും ഒരേ മോഡൽ മിഡിയും ടോപ്പുമാണ് ഇട്ടിരിക്കുന്നത്. സണ്ണിയുടെ കൂടെ ഞാൻ ഹാളിലെ സോഫയിലിരുന്നു.
“നീയെന്താടാ ഇത്ര നേരത്തെ?” ഞാൻ അവനോട് ചോദിച്ചു.
പതിവില്ലാതെ കുളിച്ചിട്ടുണ്ട് പുള്ളി. ഇനി ബോഡി സ്‌പ്രേ വാരിക്കൊരി പൂശിയതാണോ? അളിയന്റെ ദേഹത്ത് പുതിയൊരു ഗന്ധം!
“ദിവ്യയുമായിട്ടൊരു പ്രശ്നം.” സണ്ണി കാര്യം പറഞ്ഞപ്പോൾ, രാവിലെ കുളിച്ചിട്ടും മുഖത്ത് ആ പഴയ കള്ളലക്ഷണം തെളിഞ്ഞു വന്നു.
“അവൾ നാട്ടിലുണ്ടോ?” വിശ്വസിക്കാനാകാതെ ഞാൻ അവനെ നോക്കി.
“എന്റെ കോളേജിൽ ഒരു കോഴ്സ് പഠിക്കാൻ വന്നിട്ടുണ്ട്,” സണ്ണി പറയുമ്പോൾ മുഖത്ത് ചെറിയൊരു നാണം.
“അതിന്?” ഞാൻ പുച്ഛിച്ചു തള്ളി. കൊല്ലത്ത് തിരിച്ചെത്തിയിട്ട് ഇത്ര ദിവസമായിട്ടും ആദ്യമായാണ് സണ്ണി അവളുടെ കാര്യം എന്നോട് സംസാരിക്കുന്നത്.
“ഡാ മോനേ…” അവൻ എന്റെ തോളിൽ കൈയിട്ടു. കാര്യസാധ്യം വരുമ്പോഴേ ഈ ചങ്ക് തോളിൽ കൈയിടാറുള്ളൂ. ദിവ്യ എന്റെ കൂടെ പ്ലസ് ടുവിന് പഠിച്ചതാണ്. പ്ലസ് ടു കഴിഞ്ഞപ്പോൾ അവൾ മറ്റെവിടെയോ പഠിക്കാൻ പോയെന്നാണ് അവളുടെ അമ്മയെ കണ്ടപ്പോൾ അറിഞ്ഞത്. എന്ത് കണ്ടിട്ടാണ് ഈ പട്ടി അവളുടെ പിന്നാലെ നടക്കുന്നത്? നൂറുവട്ടം അവൾ ആട്ടിവിട്ടിട്ടുള്ളതാണ്.
“നീ വല്ലതും കഴിച്ചോ?” എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു.
“ഇല്ല.”
“വാ…” ടെൻഷൻ അടിച്ചു നിന്ന അവനെ വലിച്ചു കൊണ്ടുപോയി ഞാൻ ഡൈനിങ് ടേബിളിലിരുത്തി.