“അവൻ ആരോടും പ്രശ്നം ഉണ്ടാക്കും! ഈ നാട് ഭരിക്കുന്നത് നിങ്ങളുടെ പാർട്ടിയല്ലേ? എന്റെ മോനെ തല്ലിയവനെ ഒന്ന് തൊടാൻ പോലും നിങ്ങൾക്ക് പറ്റില്ലേ?” മയൂരി ഭർത്താവിനോട് തട്ടിക്കയറി.
“മയൂരി പ്ലീസ്! ഇത് എന്റെ കയ്യിൽ നിൽക്കുന്ന കേസല്ല.”
“നാണമില്ലേ മനുഷ്യ!”
രാജ്‌മോഹൻ ദേഷ്യം നിയന്ത്രിച്ച് കണ്ണുകൾ അടച്ചു. “അവൻ ഹാരിസിന്റെ മകനാണ്…” അയാളുടെ ശബ്ദത്തിൽ ഒരു പതർച്ചയുണ്ടായിരുന്നു.
“ഹാരിസ് ഇപ്പോൾ പോലീസല്ലല്ലോ, നിങ്ങൾക്ക് ഇപ്പോഴും അയാളെ പേടിയാണോ?” മയൂരി പുച്ഛിച്ചു.
“ആ പയ്യൻ… ഹാരിസിനേക്കാൾ അപകടകാരിയാണ്. ഭരതനെയൊക്കെ ഇതിനായി വിളിച്ചേക്കരുത്. ഹാരിസിന്റെ വീട്ടിൽ കയറാൻ നോക്കിയ രണ്ട് പേർ ഇപ്പോൾ ആശുപത്രിയിലാണ്!” രാജ്‌മോഹൻ വെളിപ്പെടുത്തി.
അത് കേട്ട് മയൂരി വിറച്ചുപോയി. നെൽസൺ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു. തന്റെ എതിരാളി താൻ വിചാരിച്ചതിലും വലിയൊരു മലയാണെന്ന് അവൻ തിരിച്ചറിയുകയായിരുന്നു.
“സ്വന്തം കെട്ടിയോനെ കൊല്ലാൻ കൂടെ നിന്നത് ഈ അധികാരം എന്റെ കൈയിൽ വരാനാണ്! ഒരു പിഞ്ചു പയ്യനെ ഒതുക്കാൻ നിനക്ക് കഴിയില്ലേ? ഓഫീസ് ബോയിയിൽ നിന്ന് ജില്ലാ സെക്രട്ടറിയാകാൻ ഈ മയൂരി കഷ്ടപ്പെട്ട പോലെ നീ ആരുടെ മുന്നിലും കുനിഞ്ഞിട്ടില്ലല്ലോ!”
രാജ്‌മോഹനെ പുച്ഛിച്ചു തള്ളി മയൂരി മുറിയിലേക്ക് പോയി. അവളുടെ വാക്കുകൾ രാജ്‌മോഹന്റെ നെഞ്ചിൽ തറച്ചു. ഒരേസമയം രോഷവും നാണക്കേടും കൊണ്ട് അയാൾ തല താഴ്ത്തി പുറത്തേക്ക് നടന്നു. മുകളിൽ വാതിൽ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ട് അയാൾ കാറിൽ കയറി ദൂരേക്ക് പോയി.